തിരുവനന്തപുരം: ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ജാഗ്രതാ സദസുമായി ഡിവൈഎഫ്ഐ. ഒക്ടോബർ 17 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. യുവാവിനെ കൊന്നതാണെന്നും ബാലഗോകുലത്തിന്റെ മറവിൽ ആർഎസ്എസ് ശാഖയിൽ നടന്ന ബാലപീഡനമാണിതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. കോട്ടയം സ്വദേശിയായ യുവാവിന്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ചായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. തനിക്ക് നാല് വയസ്സുള്ളപ്പോൾ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള് മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നുണ്ട്. യുവാവിന്റെ മരണം വലിയ രീതിയില്‍ ആര്‍എസ്എസിനെതിരായ വിമര്‍ശനത്തിലേക്ക് വഴിവെച്ചിട്ടുണ്ട്.

യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന ‘എന്‍എം’ എന്നയാളെ പ്രതി ചേര്‍ത്തിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആളെ തിരിച്ചറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്.

സംഭവത്തിൽ പോക്സോ വകുപ്പ് അടക്കം ചുമത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി പൊൻകുന്നം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സത്യസന്ധമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിന്റെ കോട്ടയം വിഭാഗം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും ആര്‍എസ്എസ്എസിന്റെ ദക്ഷിണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
