ആലപ്പുഴ: പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് ജി സുധാകരന്. താന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പോകുന്നത് എന്നും പാര്‍ട്ടിക്ക് അകത്താണ് നില്‍ക്കുന്നതെന്നും ജി സുധാകരന് വിമര്‍ശിച്ചു. പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ താന്‍ ഘടകകക്ഷിയല്ല. സജി ചെറിയാന് പറയാന്‍ അറിയില്ല. ഉന്നത സ്ഥാനത്ത് എത്തിയിട്ടും മാര്‍ക്സിസ്റ്റ് ശൈലിയിലും സംഘടനാ ശൈലിയിലും പറയാന്‍ സജി ചെറിയാന് കഴിയുന്നില്ല. ഇരിക്കുന്ന സ്ഥാനം എന്താണ് എന്ന് അദ്ദേഹത്തിന് മനസിലാകുന്നില്ല. തന്നോട് ഏറ്റുമുട്ടാന്‍ സജി ചെറിയാന് വരേണ്ടതില്ല. അത് നല്ലതല്ല. സജി ചെറിയാനെ വളര്‍ത്തിയതില്‍ തനിക്കും പങ്കുണ്ടെന്നും ജി സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാന് പാര്‍ട്ടിക്ക് യോജിക്കാത്ത 14 കാര്യങ്ങള്‍ പറഞ്ഞു എന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ കൈയില്‍ ഉണ്ട്. മന്ത്രിസഭയില്‍ നിന്ന് മാറ്റിയ ആളാണ് എന്നെ ഉപദേശിക്കാന്‍ വരുന്നത്. പത്തുവര്‍ഷം ഞാന്‍ ഭരിച്ചപ്പോള്‍ ഞങ്ങള്‍ ഒന്നും മാറിയിട്ടില്ല. എന്നെ ഉപദേശിക്കാനുള്ള പ്രായമോ അര്‍ഹതയോ പ്രത്യയശാസ്ത്ര ബോധമോ ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അത് ഉണ്ടെന്ന് ജനം കരുതുന്നില്ല. ഞങ്ങളെ രണ്ടുപേരെ പറ്റി ജനങ്ങളുടെ ഇടയില്‍ പഠനം നടത്തുക.’- ജി സുധാകരന് തുറന്നടിച്ചു.
‘അതേപോലെ ഞാന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ യൂണിറ്റ് നേതാവായിരുന്നു എ കെ ബാലന്. അന്ന് പ്രതിനിധിയായി എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് എ കെ ബാലന്. അദ്ദേഹവും എനിക്കെതിരെ പറയുന്നു. അദ്ദേഹത്തെ ഞാന്‍ എന്തെങ്കിലും പറഞ്ഞോ? 1972ലെ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തെ കുറിച്ചാണ് ഇപ്പോഴും പറയുന്നത്. പ്രതിനിധിയായാണ് എ കെ ബാലന് അന്ന് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. അതിന്റെ അര്‍ഥം എന്താണ്? അദ്ദേഹം സംസ്ഥാന സമിതിയില്‍ ഇല്ലെന്നതാണ്.

അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ എടുത്തില്ല എന്നതാണ് കാര്യം. ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ ഒരക്ഷരം അദ്ദേഹം പറഞ്ഞിട്ടില്ല. ഞാന്‍ മാറിയിട്ടില്ല. ഞാന്‍ മാറാനും പോകുന്നില്ല. അന്നത്തെ പോലെ ലളിത ജീവിതം നയിക്കുന്നു. ഞാന്‍ രാഷ്ട്രീയത്തിലൂടെ പൈസ ഒന്നും ഉണ്ടാക്കിയിട്ടില്ല.

ബാലന് മാറി എന്നാാണ് ബാലന് പറയുന്നത്. ബാലന് മാറിക്കോ. ബാലന് എന്നെ കുറിച്ച് പറയേണ്ട കാര്യമില്ല.ബാലനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.വൃത്തിക്കെട്ട മാര്‍ക്സിസ്റ്റ് വിരുദ്ധ സംസ്കാരം ചിലര്‍ വെച്ചുപുലര്‍ത്തുമ്പോള്‍ അതിനെ എതിര്‍ക്കാതെ എന്നെ ഉപദേശിക്കാന്‍ വരുന്നത് എന്തിനാണ്?’- ജി സുധാകരന് ചോദിച്ചു.
