പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം ജി മനുവും സ്ഥാനമേൽക്കും.

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇന്ന് ചുമതല ഏൽക്കുന്ന നിയുക്ത ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്ത് എത്തും.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാർ ഇനിയും ഹാജരായില്ലെങ്കിൽ ചോദ്യം ചെയ്യാനായി എസ്ഐടി നേരിട്ട് കസ്റ്റഡിയിലെടുക്കും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ എ പത്മകുമാർ ചോദിച്ച സമയ പരിധി പൂർത്തിയായ സാഹചര്യത്തിൽ നോട്ടീസ് നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസിൽ അറസ്റ്റിലായ എൻ വാസുവിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ തെളിവുകൾ പരിശോധിച്ച ശേഷം കസ്റ്റഡി അപേക്ഷ നൽകും.

