പത്തനംതിട്ട: അനുവിന്റെയും നിഖിലിന്റെയും ദാമ്പത്യം നീണ്ടത് വെറും പതിനഞ്ചുദിവസം മാത്രം. ആയിരമായിരം സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തവച്ച ആ യുവമിഥുനങ്ങളുടെ ജീവൻ കാറപകടത്തിന്റെ രൂപത്തിൽ കടന്നെത്തിയ രംഗബോധമില്ലാത്ത കാേമാളിയായ മരണം കവർന്നെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് കാനഡയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനുമുമ്പാണ് മധുവിധുവിനായി ഇരുവരും മലേഷ്യയിലേക്ക് പോയത്. മധുവിധു യാത്രയുടെ മധുര സ്മരണകളുമായി നാട്ടിൽ മടങ്ങിയെത്തിയ അവർ വിമാനത്താളവത്തിൽ നിന്ന് പ്രിയപ്പെട്ടവരോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ പുലർച്ചെ നാലുമണിയോടെയുണ്ടായ വാഹനാപകടത്തിലാണ് മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും മരിച്ചത്. കഴിഞ്ഞ നവംബർ 30നായിരുന്നു ആഘോഷപൂർവം ഇവരുടെ വിവാഹം നടന്നത്. വീടിന് കഷ്ടിച്ച് ഏഴുകിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. നിഖിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ ആന്ധ്രക്കാരായ ശബരിമല തീർത്ഥാടകരുടെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു. ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബിജുവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ ഉറങ്ങിപ്പാേയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇന്നത്തെ അപകടവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. പുനലൂർ––മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായിട്ട് ഒരു വർഷമായി.പുതിയ റോഡ് നിർമ്മിച്ചശേഷം നിരവധിപേരാണ് അപകടത്തിൽ മരിച്ചത്. സ്പീഡ് ബ്രേക്കറില്ലാത്തതും അലൈൻമെന്റ് ശരിയല്ലാത്തതുമാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. മുറിഞ്ഞകല്ലിൽ ചെറിയ വളവും റോഡിന്റെ മിനുസവും കാരണം വാഹനങ്ങൾ തെന്നിമാറിയാണ് കൂടുതൽ അപകടങ്ങളും ഉണ്ടാവുന്നത്. രണ്ടു മാസം മുൻപ് അപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചിരുന്നു സ്ഥിരം അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ ഇക്കാര്യം കാര്യമായി പരിഗണിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.