കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന നടന് ദിലീപിനെ മാറ്റി. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ്
ദിലീപ് നിര്‍വഹിക്കേണ്ടിയിരുന്നത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.

അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.
അതിജീവിതയ്ക്കൊപ്പം നില്ക്കുമ്പോള് ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ബസ്സില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര് ശേഖറാണ് പ്രതിഷേധം ഉയര്‍ത്തിയത്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്.

