ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ലമെന്റ് കവാടത്തില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വര്‍ണ്ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

‘പോറ്റിയെ കേറ്റിയേ… സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ…’ എന്ന പാട്ടു പാടിക്കൊണ്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. ‘അമ്പലക്കള്ളന്മാര് കടക്കു പുറത്ത്’, ‘ശബരിമല കള്ളന്മാര് കടക്കു പുറത്ത്’ തുടങ്ങിയ മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ, ശബരിമല സ്വര്‍ണ്ണക്കൊള്ള ദേശീയ തലത്തില്‍ തന്നെ പ്രചാരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നതാണെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചത്. കേസ് സിബിഐ അന്വേഷിക്കണം. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നില്ലെങ്കില്‍ കേസില്‍ അട്ടിമറി ഉണ്ടായേക്കാമെന്ന് ഭയമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള വിഷയം നേരത്തെ കെ സി വേണുഗോപാലും ഹൈബി ഈഡനും ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. അതിനിടെ, ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊഴി നല്കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

