കേരളത്തിലെ ബിജെപിയുടെ വളർച്ച വലിയ ഭീഷണി ഉയർത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി വളർച്ചയെ പ്രതിരോധിക്കാൻ ഇടതുപക്ഷം മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശക്തമായി തിരിച്ചു വരും. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി. എകെജി സെൻറർ ഫ്ലാറ്റിൽ ആയിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇരു പാർട്ടികളുടെയും നേതൃയോഗം ചേരുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കൾക്കുള്ളത്.

