തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ തകർന്നെന്ന പ്രചാരണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് വർഗീയ ശക്തികളുമായി കൂട്ടുപിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തിയെന്നും ഗോവിന്ദൻ പറഞ്ഞു.

ഒന്നിച്ച് നിന്ന് എൽഡിഎഫിനെ തോൽപ്പിച്ച ശേഷം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും എൽഡിഎഫ് 58 സീറ്റുകളുടെ വർധനവ് നേടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ ബിജെപിയുടെ സീറ്റ് മൂന്നിൽ നിന്ന് ഒന്നായി കുറഞ്ഞുവെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി സീറ്റുകളുടെ കാര്യത്തിൽ ഒറ്റക്കക്ഷിയായെങ്കിലും അവർക്ക് കേവല ഭൂരിപക്ഷം നേടാനോ, ഏറ്റവും കൂടുതൽ വോട്ട് നേടിയ മുന്നണിയായി മാറാനോ സാധിച്ചിട്ടില്ല. 7 ഡിവിഷനുകളിൽ 60-ൽ താഴെ വോട്ടുകൾക്കാണ് എൽഡിഎഫ് പരാജയപ്പെട്ടത്. രാഷ്ട്രീയമായി പൂർണ്ണമായും വോട്ട് വിനിയോഗിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് ഒന്നായി ചുരുങ്ങി. അതിനാൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയെന്ന പ്രചരണം ശരിയല്ല.

സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾക്കിടയിലും ചിലയിടങ്ങളിൽ ഉണ്ടായ ഫലങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കും. ജില്ലാ കമ്മിറ്റികൾ ചേർന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷം, സംസ്ഥാന കമ്മിറ്റി വിശദമായ റിവ്യു തയ്യാറാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന യാതൊരു നീക്കവും പാർട്ടി സ്വീകരിക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

