തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെതിരേയുള്ള നടപടിക്കാര്യത്തിൽ സിപിഐ സമ്മർദത്തിൽ. അദ്ദേഹം അസുഖബാധിതനായി ആശുപത്രിയിലാണ് എന്നതിനാൽ തത്കാലം നടപടിയിലേക്ക് സിപിഐയില്ല. അതേസമയം അറസ്റ്റിലായിട്ടും പാർട്ടി നടപടി ഉണ്ടാകാത്തത് എന്തെന്ന ചോദ്യം സിപിഐയ്ക്കു നേരേ ഉയരുന്നു.

ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ മാനുഷികപരിഗണനയാണ് ആവശ്യമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി.
ആർഎസ്പി നേതാവായിരുന്ന ശങ്കരദാസ് തൊഴിലാളിസംഘടനയായ യുടിയുസി നേതാവായിരുന്നു. ആർഎസ്പി പിളർന്നപ്പോൾ എ.വി. താമരാക്ഷൻ വിഭാഗത്തിലായി.

തുടർന്ന് യുടിയുസിയുടെ ഒരു വിഭാഗവുമായി എഐടിയുസിയിൽ ലയിക്കുകയായിരുന്നു. തമ്പാനൂരിലെ യുടിയുസി ഓഫീസ് എഐടിയുസിയുടെ ഓഫീസായും മാറി. പിന്നീടാണ് സിപിഐ പ്രതിനിധിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയമിതനായത്.

