തിരുവനന്തപുരം: കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച തീരുമാനത്തിന് ഒപ്പം ഇരകളുടെ നഷ്ടപരിഹാര പദ്ധതിയും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 30 ശതമാനം (Victim Compensation Fund) ഇരകളുടെ നഷ്ടപരിഹാര പദ്ധതിയ്ക്കായി നീക്കിവയ്ക്കും.

നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി തടവുകാരുടെ വേതനത്തിന്റെ 30 ശതമാനം നീക്കിവയ്ക്കുന്നത് നിര്‍ബന്ധമാക്കുന്ന 2024 ലെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. തടവുകാരുടെ കുടുംബത്തിന്റെ ഉപജീവനം, ഇരകള്‍ക്കായി കോടതികളുടെ മേല്‍നോട്ടത്തിലുള്ള സഞ്ചിത നിധിയിലേക്കാണ് വിഹിതം മാറ്റിവെക്കപ്പെടുക.
ജയില്‍ ജോലികളില്‍ നിന്നുള്ള തടവുകാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് അടയ്ക്കാന്‍ 2024 നവംബറില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൂടാതെ 2025 ജനുവരിയോടെ ഈ നിര്‍ദ്ദേശം നടപ്പാക്കാനും ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ തടവുകാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നും, ഇതിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് നീക്കിവച്ചാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു ജയില്‍ വകുപ്പിന്റെ നിലപാട്. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ വേതനം പരിഷ്കരിക്കുന്നത് വരെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

വേതന പരിഷ്കരണത്തിന് പിന്നാലെ വിക്ടിം റിലീഫ് ഫണ്ട് ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനുവരി 9 ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തടവുകാരുടെ വേതനം ഏകദേശം 140 ശതമാനമാണ് വര്‍ധിപ്പിച്ചത്. തടവുകാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരിഷ്കരണം നടപ്പാക്കുന്നത്. വിദഗ്ധര്‍, സെമി-സ്കില്‍ഡ്, അണ്‍സ്കില്‍ഡ്. വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിദിനം 620 രൂപ ലഭിക്കും, സെമി-സ്കില്‍ഡ്, അണ്‍സ്കില്‍ഡ് എന്നിവര്‍ക്ക് യഥാക്രമം 560 രൂപയും 530 രൂപയും ലഭിക്കും. പരിഷ്കരണത്തിന് മുന്‍പ് സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ വേതനം പ്രതിദിനം 63 രൂപ മുതല്‍ 168 രൂപ വരെയായിരുന്നു. തുറന്ന ജയിലുകളിലെ തടവുകാര്‍ക്ക് പ്രതിദിനം 230 രൂപ വരെ ആയിരുന്നു വേതനം. ഇതിന് മുന്‍പ് 2018-ലാണ് തടവുകാരുടെ വേതനം അവസാനമായി പരിഷ്കരിച്ചത്.
