നമ്മുടെയൊക്കെ വീടുകളിലെ കിണറിലെ വെള്ളത്തിന് പ്രത്യേക നിറങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ അത്യപൂർവമായ ഒരു സംഭവം നടന്നിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചില വീടുകളിൽ. താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിനാണ് നീല നിറം ഉണ്ടായിരിക്കുന്നത്.


താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കാരാടി തോട്ടക്കര ഭാഗത്തെ കിണറുകളിലെ വെള്ളമാണ് നീല നിറത്തിൽ കാണപ്പെട്ടത്. എന്തുകൊണ്ടാണ് വെള്ളത്തിന് നിറം മാറ്റം ഉണ്ടായതെന്ന അന്വേഷണത്തിലാണ് വീട്ടുകാർ.
തോട്ടക്കര ഷിനോബിൻ്റെ വീട്ടിലെ കിണറിൽ കഴിഞ്ഞ വ്യാഴാഴ്ച മുതലും, സമീപത്തെ അബ്ദുൽ അസീസിൻ്റെ വീട്ടിലെ കിണറിൽ ഇന്നലെ മുതലുമാണ് നിറവ്യത്യാസം കണ്ടുതുടങ്ങിയത്. വെള്ളത്തിന് മറ്റ് ഗന്ധമൊന്നും ഇല്ല. ആരോഗ്യ വകുപ്പ് അധികൃതരേയും, ഗ്രാമ പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചതായി വീട്ടുകാർ പറഞ്ഞു.




വീടുകളുടെ 50 മീറ്റർ അകെലെ കൂടി ഒരു തോട് ഒഴുകുന്നുണ്ടെങ്കിലും തോട്ടിലെ വെള്ളത്തിനോ, തോടിന് സമീപമുള്ള കിണറുകളിലെ വെള്ളത്തിനോ നിറവ്യത്യാസമൊന്നുമില്ല. കിണറ്റിലെ വെള്ളം രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇങ്ങനെയൊരു നിറ വ്യത്യാസം ഉണ്ടായിരിക്കുന്നതിൻ്റെ പിന്നിലെ ശാസ്ത്രം എന്താണെന്നറിയാനുള്ള കൗതുകത്തോടൊപ്പം കടുത്ത ആശങ്കയിലുമാണിവർ.

