ആലപ്പുഴ: ശബരിമല കേസിൽ കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായി തീരുമാനമെടുക്കട്ടെ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുവതീപ്രവേശ വിഷയത്തിൽ കോടതി അന്തിമ തീരുമാനമെടുക്കട്ടെയെന്നും, യുവതീപ്രവേശത്തെ അനുകൂലിക്കരുതെന്നാണ് എസ്എൻഡിപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


ശബരിമല യുവതീപ്രവേശ വിധി തികച്ചും നിരാശാജനകവും ദുഃഖകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിധി വന്ന അന്ന് തന്നെ താൻ ഈ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. പരമ്പരാഗതമായി ഇല്ലാത്ത ഒരു ആചാരം ശബരിമലയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. വിധി നടപ്പാക്കാൻ ആര് ശ്രമിച്ചാലും കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ അതിന് തയാറാകില്ല.
ഒരു നിശ്ചിത പ്രായം കഴിഞ്ഞ സ്ത്രീകൾക്ക് പ്രവേശനം ആകാമെങ്കിലും യുവതികൾ ശബരിമലയിലേക്ക് പോകരുതെന്നാണ് തൻ്റെ അപേക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധി കേരളത്തിലെ ജനങ്ങൾക്കും അയ്യപ്പ ഭക്തർക്കും ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല. ഇതിനെതിരെയുള്ള വലിയ പ്രതിഷേധം കേരളത്തിലുടനീളം അണപൊട്ടിയൊഴുകിയത് നാം കണ്ടതാണ്. വിധി വന്ന സമയത്ത് അതിനെ അനുകൂലിച്ച പലരും പിന്നീട് നിലപാട് മാറ്റിയെന്ന യാഥാർഥ്യം എല്ലാവരും ഓർക്കണം.




സമാന ആശയങ്ങൾ മുൻനിർത്തി നിരവധിപ്പേർ കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ പുനഃപരിശോധനാ ഹർജികളിൽ എസ്എൻഡിപി യോഗം പ്രത്യേകം കക്ഷി ചേരേണ്ട സാഹചര്യമില്ല. കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെ. അഭിപ്രായങ്ങൾ പറയാൻ കോടതി അവസരം നൽകിയിട്ടുള്ളതിനാൽ വിഷയം പരിശോധിച്ച് കോടതി തന്നെ അന്തിമ തീരുമാനമെടുക്കുന്നതാണ് ഉചിതം.

