തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളായ പത്തുക്ഷേത്രങ്ങള്‍ വടക്കുന്നാഥക്ഷേത്രം മതില്‍ക്കകത്ത് അണിനിരന്നപ്പോള്‍ ശിവരാത്രി പൂരമായി മാറി. ശിവരാത്രി രാത്രി ഒരുമണിക്കുശേഷമുള്ള ഈ അപൂര്‍വ കൂട്ടിയെഴുന്നള്ളിപ്പില്‍ തൃശൂര്‍ പൂരത്തിന് പങ്കാളിയല്ലാത്ത അശോകേശ്വരം തേവരാണ് നെടുനായകത്വം വഹിക്കുന്നത് എന്നതാണ് സവിശേഷത.


നെയ്തലക്കാവ്, അയ്യന്തോള്‍, ലാലൂര്‍, കാരമുക്ക്, ചൂരക്കാട്ടുകര ഭഗവതിമാരുടെയും കണിമംഗലം, പനമുക്കുംപിള്ളി ശാസ്താക്കന്മാരുടെയും എഴുന്നള്ളിപ്പ് അര്‍ധരാത്രിയോടെ വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിച്ചു.
1.15-ന് നടന്ന തൃപ്പുകയ്ക്കുശേഷമായിരുന്നു പതിനൊന്ന് ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. രാജാവിന്റെ പ്രതിനിധിയായി എത്തിയ അശോകേശ്വരം തേവരെ ചാടിക്കൊട്ട് എന്ന ആചാരത്തോടെയാണ് മതില്ക്കകത്തേക്ക് വരവേറ്റത്.




അടിയന്തിരമാരാര്‍ നാലുഭാഗത്തേക്കും ചാടിക്കൊട്ടുന്നതാണ് ഇത്. രാജാവ് എഴുന്നള്ളി എന്ന് നാലുദിക്കിലുള്ളവരേയും അറിയിക്കുന്നതിനാണിതെന്നാണ് പഴമക്കാര്‍ പറയുന്നത്. തൃശൂര്‍ പൂരത്തിന് ദേവീദേവന്മാര് പലസമയങ്ങളില്‍ എഴുന്നള്ളി വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നതാണ് രീതിയെങ്കില്‍ ശിവരാത്രി കൂട്ടിയെഴുന്നള്ളിപ്പില്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നാണ് വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നത്.

