എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരു കൂട്ടം വോട്ടർമാരെ മനഃപൂർവ്വം നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. “കേരളത്തിൽ ഫോമുകൾ ഫലപ്രദമായി വിതരണം ചെയ്തിട്ടില്ല. 80 ശതമാനം ജോലികളും പൂർത്തിയായതായി കമ്മീഷൻ പറയുന്നു. എത്രത്തോളം നിയമയുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ട് പോകും” എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി എസ്ഐആർ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ആയിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്ഐആറിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഭരണപരമായ തടസ്സത്തിന് കാരണമാകുമെന്ന് ആയിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്. ഡിസംബർ 4-നകം ആണ് എസ്.ഐ.ആർ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഇതിനിടയിൽ ആണ് കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായാണ് കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ ആയാണ് നടക്കുന്നത്. ഇതിനിടയിൽ രണ്ട് പ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ആയിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ 55 ശതമാനം ജോലികളും പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഹർജി ദുരുദ്ദേശ്യപരമാണെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഭരണപരമായ തടസ്സം ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.

