വയനാട് തുരങ്കപാത നിർമാണം തുടരാം. നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയാണ് തള്ളിയത്. പരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്പര്യ ഹർജി നൽകിയത്.

അതേസമയം വിധിപ്രസ്താവത്തിന് മുൻപായി സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി. ശാസ്ത്രീയ കാര്യങ്ങളിൽ കോടതി ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.
ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമ്മാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂർ ആയി കുറയും. ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

