തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് ഫെബ്രുവരി 17ന് ഒമ്പത് വർഷം തികയുന്ന പശ്ചാത്തലത്തിൽ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മെഴുകുതിരി തെളിയിക്കൽ സംഗമം സംഘടിപ്പിച്ച് വിമെൻ ഇൻ സിനിമ കളക്ടീവ്.


2017 ഫെബ്രുവരിയിലെ ആ കറുത്ത ദിനത്തിന് ഒമ്പതാമാണ്ട് തികയുമ്പോഴും നീതിക്കായുള്ള പോരാട്ടത്തിൽ തളരാതെ നിൽക്കുന്ന അവൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഇന്ന് വൈകുന്നേരം 6 മണിക്ക് മൂന്ന് നഗരങ്ങളിലായി ഈ സംഗമം നടക്കുന്നത്. കോഴിക്കോട് മാനഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി മറൈൻ ഡ്രൈവിലെ അബ്ദുൾ കലാം മാർഗ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിലാണ് ‘അവൾക്കൊപ്പം’ മെഴുകുതിരി തെളിയിക്കൽ ഡബ്ല്യുസിസി സംഘടിപ്പിച്ചിരിക്കുന്നത്.
“ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം” എന്ന ആഹ്വാനത്തോടെ, അതിജീവിതയുടെ ധീരതയെയും പോരാട്ടവീര്യത്തെയും ഡബ്ല്യുസിസി അഭിവാദ്യം ചെയ്യുന്നു. മലയാള സിനിമയെയും കേരളീയ സമൂഹത്തെയും ഒരുപോലെ ഞെട്ടിച്ച 2017 ഫെബ്രുവരി 17-ലെ ആ ഇരുണ്ട ദിനത്തെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിത വെളിച്ചത്തിലേക്ക് നയിച്ചുവെന്നും അനീതിക്കെതിരെ അവൾ സധൈര്യം ശബ്ദമുയർത്തിയ ആ നിമിഷമാണ് ‘#അവൾക്കൊപ്പം’ എന്ന വലിയൊരു സാമൂഹിക മുന്നേറ്റത്തിന് തുടക്കമിട്ടതെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.




ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ മാസങ്ങൾക്ക് മുൻപാണ് കൊച്ചിയിലെ പ്രത്യേക കോടതി ഈ കേസിൽ വിധി പ്രസ്താവിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

അതേസമയം, കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ ഈ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഡബ്ല്യുസിസിയുടെ പുതിയ ആഹ്വാനം.
