കോഴിക്കോട്: നല്ല തേങ്ങ അരച്ച മീൻ കറി ആവി പറക്കുന്ന ചോറിൻ്റെ കൂടെ കിട്ടിയാൽ എങ്ങനെ ഇരിക്കും. അതും ഒരു അമ്പലത്തിൽ നിന്നാണ് തരുന്നത് എങ്കിലോ? സാധാരണ ക്ഷേത്രങ്ങളിലെയും കാവുകളിലെയും പ്രസാദ ഊട്ടിൽ നല്ല വിഭവസമൃദ്ധമായ സദ്യയാണ് അവിടെയെത്തുന്ന ഭക്തർ പ്രതീക്ഷിക്കുന്നത്. പായസം കൂട്ടിയുള്ള ഈ സദ്യ കഴിച്ച് മനസും വയറും നിറച്ച് തിരികെ പോകുന്നവരാണ് മിക്കവരും.


എന്നാൽ കോഴിക്കോട് പെരുമണ്ണയിലെ പയ്യടിത്താഴം മനത്താനത്ത് കരിയാത്തൻ കാവിൽ കാര്യങ്ങൾ തെല്ല് വ്യത്യസ്തമാണ്. ഇവിടെ ഉത്സവത്തിന് എത്തുന്ന എല്ലാവർക്കും നല്ല രുചിയേറിയ പുഴമീൻ കറി കൂട്ടി സദ്യയുണ്ട് മടങ്ങാം. ഇത് തന്നെയാണ് മറ്റ് ഇടങ്ങളിൽ നിന്നും മനത്താനത്ത് കാവിനെ വ്യത്യസ്തമാക്കുന്നത്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മനത്താനത്ത് കാവിലെ പുഴമീൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യയുടെ രുചി പെരുമ. എത്രയോ തലമുറകളായി തുടർന്ന് വരുന്നതാണ് ഉത്സവ ദിവസത്തെ സദ്യയിലെ പുഴമീൻ കറി.




“ക്ഷേത്രത്തിൻ്റെ ആവിർഭാവം മുതൽ തന്നെ പുഴമീൻ കറി ഉൾപ്പെടെയുള്ള സദ്യ ഒരുക്കുന്നുണ്ട്. രാത്രിയുള്ള സദ്യക്കൊപ്പമാണ് മീൻകറി വിളമ്പുന്നത്. മീൻ കറി കൂട്ടി കഴിച്ചവരാരും പിന്നെ അമ്പലമുറ്റത്തേക്ക് കടക്കരുത്. കാവിൻ്റെ അടുത്തുള്ള മാമ്പുഴയിൽ നിന്നാണ് മീൻ പിടിക്കുന്നത്. ആ മീൻ മാത്രമേ ഇവിടെയുള്ള കറികളിൽ ഉപയോഗിക്കാറുള്ളൂ”, കാവിൻ്റെ കമ്മിറ്റി പ്രസിണ്ടൻ്റായ കൃഷ്ണദാസൻ പറയുന്നു.

ഒരു ദിവസം രാവിലെ പണ്ട് കാലത്ത് തൊട്ടുകൂടായ്മയും തീണ്ടലുമൊക്കെയുള്ള ജാതിക്കാർ മാമ്പുഴയിൽ നിന്ന് മീൻ പിടിച്ച് വരുന്ന സമയത്ത് ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചൈതന്യം കാണുകയും ഒരു ഇല മുറിച്ച് അവർക്ക് കിട്ടിയ ഏറ്റവും നല്ല മത്സ്യത്തെ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ഇവിടെയുള്ള ദേവന് കിട്ടിയ ആദ്യത്തെ അന്നമാണ് മത്സ്യം എന്നാണ് പറയപ്പെടുന്നത്. അതാണ് ഇവിടുത്തെ ഐതിഹ്യം എന്ന് കൃഷ്ണദാസൻ പറഞ്ഞു.സാധാരണ പുഴമീൻ ലഭിക്കണമെങ്കിൽ മത്സ്യം പിടിക്കുന്നവരിൽ നിന്നോ പ്രാദേശിക മാർക്കറ്റുകളിൽ നിന്നോ വാങ്ങാറാണ് പതിവ്. എന്നാൽ മനത്താനത്ത് കരിയാത്തൻ കാവ് അക്കാര്യത്തിലും വേറിട്ടു നിൽക്കുന്നു. കാവിൻ്റെ തൊട്ട് സമീപത്തു കൂടെ ഒഴുകുന്ന മാമ്പുഴയിലെ മത്സ്യങ്ങളാണ് കറിക്കായി ഉപയോഗിക്കുന്നത്.
ഉത്സവ ദിവസത്തിൻ്റെ തലേ ദിവസം വൈകുന്നേരം ഊരായിമക്കാരെല്ലാവരും ചേർന്ന് മാമ്പുഴയിലേക്കിറങ്ങും. പിന്നെ വലവീശിയും പ്രത്യേക തരം വലയായ തണ്ടാടി വല വിരിച്ചും ചൂണ്ടയിട്ടുമെല്ലാം മാമ്പുഴയിൽ നിന്നും മീൻ പിടിക്കും.കിട്ടുന്ന എല്ലാ മത്സ്യങ്ങളും തരം തിരിക്കാതെ വൃത്തിയാക്കി പാകത്തിന് മുറിച്ചെടുത്ത് കറിയിലിടും. പ്രത്യേകത എന്തെന്നാൽ തേങ്ങ വറുത്തരച്ചാണ് ഇവിടെ മീൻ കറി ഉണ്ടാക്കുന്നത്. ഈ സദ്യ കഴിക്കാൻ പല സ്ഥലങ്ങളിൽ നിന്നുമായി നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ടെന്ന് പാചകക്കാരനായ കൃഷ്ണൻകുട്ടി പറഞ്ഞു.
ഇത്തവണയും നിരവധി പേരാണ് ഇങ്ങനെയൊരു അപൂർവതയുള്ള പെരുമണ്ണ പയ്യടിതാഴത്തെ മനത്താനത്ത് കരിയാത്തൻ കാവിലെ ഉത്സവം കാണാനും മീൻ കറി കൂട്ടിയുള്ള സദ്യയുണ്ണാനും എത്തിയത്. എല്ലാവർക്കും വേണ്ടത്ര മീൻ കറി കൂട്ടിയുള്ള സദ്യ നൽകിയാണ് ഇത്തവണത്തെ ഉത്സവം കൊടിയിറങ്ങിയത്.
