കോട്ടയം: കെഎസ്യു കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പി.എസ്.സി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാനത്തെ പി.എസ്.സി നിയമന നിരോധനത്തിലും, വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തതിലും പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.


പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഓഫിസിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ് പൊലീസുമായി സംഘർഷത്തിനിടയാക്കിയത്. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്യുവിൻ്റെ പ്രതിഷേധ ധർണ ഡിസിസി വൈസ് പ്രസിഡൻ്റ് സിന്ധു കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു.
കെ എസ് യു ബ്ലോക്ക് പ്രസിഡൻ്റ് മാഹിൻ നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് യശ്വന്ത് സി നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു തുടങ്ങിയവർ പ്രതിഷേധ മാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.




കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് സമാനമായി കൊല്ലത്തും മാര്‍ച്ച് നടന്നു. കൊല്ലം പിഎസ്സി ജില്ലാ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും വൻ സംഘർഷമുണ്ടായി. പിൻവാതിൽ നിയമനങ്ങൾക്കെതിരെയും ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെയും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

ചിന്നക്കടയിൽ നിന്ന് ആരംഭിച്ച പ്രകടനം പിഎസ്സി ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഉദ്യോഗാർത്ഥികളുടെ നീതിക്കായി സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു.
പി.എസ്.സി നിയമന നിരോധനത്തിലും, വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തതിലുമാണ് സംസ്ഥാനത്തുടനീളം സമരങ്ങള്‍ നടക്കുന്നത്. പ്രധാനമായും റാങ്ക് ചെയ്ത ലിസ്റ്റുകളുടെ സാധുത, കാലതാമസം, മാനേജ്മെൻ്റ് എന്നിവയാണ് പ്രശ്നങ്ങള്‍. നിയമം അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു ഉദ്യോഗാര്‍ഥിയെയും ശുപാർശ ചെയ്തില്ലെങ്കിൽ, മൂന്ന് വർഷം വരെ ഒരു ലിസ്റ്റ് പ്രാബല്യത്തിൽ തുടരും.
എൽഡിസി പോലുള്ള പ്രധാന പരീക്ഷകളുടെ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിലാണ് പലപ്പോഴും ആശങ്കകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം നടക്കാന്‍ പോകുന്ന എല്‍ഡിസി പരീക്ഷയിലും ഇതേ ആശങ്കയാണ് ഉയരുന്നത്.
