കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ആലിന് എന്ന പിഞ്ചു ബാലിക കേരളത്തിന്റെ വേദനയായി മാറിയത് ഇക്കഴിഞ്ഞ ദിവസമാണ്. ഒപ്പം തന്നെ പത്തു മാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളെടുത്ത തീരുമാനം ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിന് അഞ്ചു കുഞ്ഞുങ്ങള്‍ക്കാണ് പുതു ജീവനായത്.

ഇന്നലെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആലിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി. കോഴിക്കോട്ട് സര്‍ക്കാര്‍ തുടങ്ങുന്ന അവയവമാറ്റ ആശുപത്രിക്ക് ആലിന്റെ പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയ ആലിന്റെ മരണത്തെ മറ്റൊരു വീക്ഷണ കോണില്‍ കാണുകയാണ് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ എതിരന്‍ കതിരവന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍

കുറിപ്പ് ഇങ്ങനെ:

‘ആലിൻ’ എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവൽക്കരിക്കപ്പെട്ട് നമ്മൾ ഉത്തരവാദിത്തതിൽ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണ്. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിർത്തിയത് ആരും ഓർമ്മിക്കേണ്ടതില്ലത്രെ. ഒരു Baby seat കർശനമാക്കുന്നതിനെപ്പറ്റി ആർക്കും നിർദ്ദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ? ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോ?
മറ്റ് രാജ്യങ്ങളിൽ ആ പേരെൻ്റ്റ്സ് അറെസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും.
ഇന്നലെ ഇവിടെ, പാലായിൽ ഒരാൾ ചെറിയ മകനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി കാർ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താൽ ആ പയ്യൻ്റെ തലയിൽ സ്റ്റീറിങ്ങ് വന്ന് ഇടിക്കും.
മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ വിനോദങ്ങളിൽ പെടുത്തുന്ന ഇവർ parents തന്നെ ആണോ?
ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ട്.
