തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ച ആറംഗ കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യാമാതാവ് റഷീദ ബീവി (58) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ ഷാജിയുടെ ഭാര്യ സജിമോൾ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആറംഗ കുടുംബം വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്മാക് എന്ന സീഫുഡ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. മീൻമുട്ട, കണവത്തോരൻ, കൊഞ്ച് തുടങ്ങിയ മത്സ്യവിഭവങ്ങളാണ് ഇവർ കഴിച്ചത്. ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഷാജി ഹോട്ടലിൽ വച്ച് തന്നെ ഛർദിച്ചതായും റഷീദ ബീവിക്ക് നെഞ്ചുവേദനയും നാവ് തളരുന്നതായും അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്ന ഷാജിയുടെ സുഹൃത്ത് കണ്ണൻ വെളിപ്പെടുത്തി. തുടർന്ന് ഛർദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയും റഷീദ ബീവിയും മരിച്ചത്.
മരിച്ച റഷീദ ബീവിയുടെ മകളും ഷാജിയുടെ ഭാര്യയുമായ സജിമോൾ പാരിപ്പള്ളി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഷാജിയുടെ രണ്ട് മക്കളും സുഹൃത്തായ കണ്ണനും ഉൾപ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരേ ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് മാത്രം മരണം സംഭവിക്കുകയും മറ്റുള്ളവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതിരിക്കുകയും ചെയ്യുന്നത് സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ചടയമംഗലം സ്വദേശികളാണ് മരിച്ചവർ. റഷീദ ബീവി പ്ലാച്ചിക്കോട് ചായക്കടയും ഷാജിയും സജിമോളും ചേർന്ന് നിലമേൽ വൈദ്യശാല മുക്കിൽ ചായക്കടയും നടത്തിവരുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും അസ്മാക് ഹോട്ടൽ പൂട്ടിക്കാൻ പൊലീസ് നിർദേശം നൽകുകയും ചെയ്തു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണോ അതോ അലർജി പോലുള്ള മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞത്ത് വൈകുന്നേരങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന തിരക്കേറിയ ഹോട്ടലാണിത്. ഇവിടെ നിന്ന് നിരവധി പേർ ഭക്ഷണം കഴിക്കാറുണ്ടെങ്കിലും മറ്റാർക്കും ഇതുവരെ പരാതികളില്ലെന്നതും സംഭവത്തിൻ്റെ സങ്കീർണത വർധിപ്പിക്കുന്നു. പ്രാഥമിക നിഗമനത്തിൽ ഭക്ഷ്യവിഷബാധ മൂലമുള്ള അലർജിയാണ് മരണകാരണമെന്നാണ് സൂചന.
