എറണാകുളം: സർക്കാരിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ട് നവകേരള സർവേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർക്കാർ ചെലവിൽ സർവേ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സാമ്പത്തിക ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കമാണിതെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നവകേരള സർവേയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനാണ് കോടതിയിൽ നിന്ന് നിർണായകമായ തിരിച്ചടി നേരിട്ടത്. നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ 2025 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്.
നാടിൻ്റെ പുരോഗതി സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനായി സന്നദ്ധ പ്രവർത്തകർ മുഖേന പഠനം നടത്തുന്നുവെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. എന്നാൽ നവകേരള സർവേയുടെ കാര്യത്തിൽ സാമ്പത്തിക ചട്ടങ്ങളുടെ വലിയ തോതിലുള്ള വ്യതിചലനമുണ്ടായെന്ന് ഹൈക്കോടതി വിലയിരുത്തി. എറണാകുളം ജില്ലാ പഞ്ചായത്തംഗവും കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവിയർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവരും നൽകിയ പൊതുതാത്പര്യ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

സർവേയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് കാരണങ്ങളാണ് കോടതി വിധിയിൽ വ്യക്തമാക്കുന്നത്. ഒന്നാമതായി, സംസ്ഥാന ബജറ്റിൽ ഈ സർവേയുമായി ബന്ധപ്പെട്ട് പണം വകയിരുത്തിയിട്ടില്ല. രണ്ടാമതായി, ധനകാര്യ കമ്മിഷൻ്റെ അംഗീകാരവും ഈ സർവേ നടത്തുന്നതിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് ഇത്തരമൊരു സർവേ നടത്തുന്നത് പൂർണമായും നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. സർവേ നടത്താൻ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നുവെന്ന ഗുരുതരമായ ആരോപണവും കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഈ കത്തിൻ്റെ ആധികാരികതയടക്കം ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

