തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതിപ്രവാഹം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമാണ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
‘കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വന്ന സ്ത്രീ പീഡനങ്ങളുടെ ആരോപണങ്ങള്‍. ആ സമയം പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും എടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിന് ജനങ്ങളുടെ ഇടയില്‍ പിടിച്ചു നില്ക്കാന് അവസരം ഉണ്ടാക്കി.

നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ഒരു എംഎല്‍എ എന്ന നിലയില്‍ അദ്ദേഹത്തിന് സഭയില്‍ എത്താം. പക്ഷെ അതിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല എന്ന തീരുമാനം പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് കിട്ടിയ അംഗീകാരമാണ്. എന്നാല്‍ രാഹുലിനോടൊപ്പം എത്തിയതും സഹായത്തിന് നിന്നതും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ആണ്. അത് തന്നെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് എന്ന് നാളെ ആരോപണം ഉയരും. അത് യൂത്ത് കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കൊപ്പമാണ് എന്ന സന്ദേശവും പൊതുസമൂഹത്തിന് നല്‍കും. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ആയതിനാല്‍ ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായ നടപടി പാര്‍ട്ടി കൈക്കൊള്ളണം എന്ന് താല്പര്യപ്പെടുന്നു’, സണ്ണി ജോസഫിന് അയച്ച ഒരു പരാതിയില്‍ പറയുന്നു.

