തിരുവനന്തപുരം: ധന വകുപ്പിലെ അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെതിരെ പരാതിയുമായി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്. അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഡോ. ജയതിലകിതിരെ റൂള്‍ 7 പരാതി സമര്‍പ്പിച്ചതായി എന്‍ പ്രശാന്ത് അറിയിച്ചു. ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറു മാസത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് പുതിയ പരാതി.

ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ ഓള് ഇന്ത്യ സര്‍വീസ് റൂള്‍ 1968 പ്രകാരം നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി കൂടിയായ മുഖ്യമന്ത്രിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കൃത്യമായ തെളിവുകളോടെ, രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്‍ പ്രശാന്ത് അവകാശപ്പെട്ടു.
വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് പലവിധ ബെനാമി കരാറുകള്‍ ഉണ്ടാക്കി പണം കൈപ്പറ്റുക, സര്‍ക്കാരില്‍ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകൾ എ ജയതിലക് നടത്തിയിട്ടുണ്ടെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം.

ഇതിന് പുറമെ ഡോ. എ ജയതിലക് റവന്യു, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍, സൊസൈറ്റി രേഖകള്‍ തമ്മിലുള്ള താരതമ്യവും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെയാണ് പല ഡീലുകളുടേയും തെളിവുകള്‍ എന്നും എന്‍ പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സോഷ്യല്‍ മീഡിയില്‍ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന്, മൂന്ന് ദിവസത്തിനകമായിരുന്നു തന്നെ സസ്പെന്‍ഡ് ചെയ്തത്. ആരുടെയും പരാതി ഇല്ലാതെ തന്നെ, അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന് താല്പര്യമെടുത്താണ് ആ നടപടി ഉണ്ടായതെന്നും എന്‍ പ്രശാന്ത് ആരോപിക്കുന്നു.
