പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിര്‍ണായക പരിശോധന ആരംഭിച്ചു. ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അടക്കം ഇളക്കിയുള്ള പരിശോധനകളാണ് ആരംഭിച്ചിരിക്കുന്നത്. പാളികളിലെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്ന ഏല്ലാ സ്വർണപ്പാളികളുടെയും സാമ്പിളുകൾ ശേഖരിക്കുമെന്നാണ് വിവരം. പരിശോധനകൾക്കു ശേഷം പാളികൾ തിരികെ സ്ഥാപിക്കും. നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നതിനായി രണ്ടു കേസുകളാണ് എസ്ഐടി അന്വേഷിക്കുന്നത്.
അതേസമയം, സ്വര്‍ണക്കവര്‍ച്ചയില്‍ എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചീഫ് ജസ്റ്റീസിന്റെ ബഞ്ചിന് വിട്ടു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തീരുമാനമെടുക്കും. റാന്നി മജിസ്ട്രേറ്റ് കോടതി, ഇഡിയുടെ അപേക്ഷയില്‍ എഫ്ഐആർ അടക്കം രേഖകള്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.

വിഷയം ദേവസ്വം ബഞ്ചിന്റെ പരിഗനയിലിരിക്കുന്ന സാഹചര്യത്തിലാണ് സിംഗിള്‍ ബഞ്ചിന്റെ നടപടി. സ്വര്‍ണക്കവര്‍ച്ചയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. സ്വര്‍ണക്കവര്‍ച്ചയില്‍ അന്താരാഷ്ട വിഗ്രക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി റാന്നി കോടതിയില്‍ രേഖകള്‍ക്കായി അപേക്ഷ നല്‍കിയത്.

