തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഇന്ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാല്‍ അവില് നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. 25രൂപയാണ് നിരക്ക്.

ഒരു ഭക്തന് പരമാവധി 100 രൂപയുടെ ശീട്ട് നല്‍കും. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാല്‍ കുഴച്ച അവില് പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിക്കും. കൂടാതെ അവില്, പഴം, ശര്‍ക്കര തുടങ്ങിയവ ഭക്തര്‍ക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. മേല്പുത്തൂര് ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന് നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതല്‍ കഥകളി ഗായകര്‍ കുചേലവൃത്തം പദങ്ങള്‍ ആലപിക്കും.
കുചേലദിനത്തില്‍ ഗുരുവായൂരപ്പ ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാല്‍ത്തറയില്‍ പുതിയ വെങ്കല ഗരുഡശില്പ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം.

ആറടി ഉയരത്തില്‍ കരിങ്കല്ല് മാതൃകയില്‍ നിര്‍മ്മിച്ച കുചേല പ്രതിമയുടെ സമര്‍പ്പണം രാവിലെ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് നിര്‍വ്വഹിക്കും.

