തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു. അക്കാദമിക് കാര്യങ്ങളാണ് ലക്ഷ്യമെന്നും രാഷ്ട്രീയം പറയുന്നില്ലെന്നും ചുമതലയേറ്റ ശേഷം പ്രതികരിക്കവേ സിസ തോമസ് പറഞ്ഞു.

എല്ലാവരുമായി ചര്‍ച്ച നടത്തിയേ മുന്നോട്ട് പോകും. മുകളില്‍ നിന്ന് തീരുമാനങ്ങള്‍ അടിച്ചേല്പിക്കാന് കഴിയില്ല. ചുമതല ഏല്ക്കുന്നതില് സന്തോഷം ഉണ്ട്. പഴയത് ഓര്‍ക്കേണ്ടതില്ല. ഇപ്പോഴത്തെ സ്വീകരണത്തില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും. ഒരു ഭരണ സ്തംഭനവും ഉണ്ടായിട്ടില്ല. മുന്നോട്ട് നോക്കിയാല്‍ പോരെ. ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി ഉണ്ട് – സിസ തോമസ് പറഞ്ഞു.
അതേസമയം, സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയതും ഡോ.സിസ തോമസിനെ
സാങ്കേതിക സര്‍വലാശാല വിസിയായി നിയമിച്ചതും സിപിഐഎം നേതാക്കളും ഡിവൈഎഫ്ഐ – എസ്എഫ്ഐ നേതാക്കളും ഞെട്ടലോടെയാണ് കേട്ടത്.

സിസയെ താല്‍ക്കാലിക വിസിയായി നിയമിച്ചപ്പോള്‍ മുതല്‍ സാങ്കേതിക സര്‍വകലാശാലയില്‍ സമര വേലിയേറ്റമായിരുന്നു. വിസിയുമായുളള സമരത്തില്‍ വലഞ്ഞത് വിദ്യാര്‍ത്ഥികളായിരുന്നു.
നഖശിഖാന്തം എതിര്‍ത്ത സിസ തോമസിനെ വീണ്ടും വിസിയാക്കിയതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് സിപിഐഎമ്മും യുവജന വിദ്യാര്‍ഥി സംഘടനകളും. എന്തിനായിരുന്നു സമരം എന്ന ചോദ്യമാണ് പാര്‍ട്ടിയേയും പോഷക സംഘടനകളെയും വേട്ടയാടുന്നത്.

ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എതിര്‍ത്ത സിസയെ അംഗീകരിച്ചതിന്റെ നാണക്കേട് വേറെ. വിസി നിയമനത്തിലെ ഒത്തുതീര്‍പ്പ് സിപിഐഎം ബിജെപി ധാരണയുടെ തെളിവാണെന്നാണ് ആക്ഷേപം.
