കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (NABH) അംഗീകാരം. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഈ അംഗീകാരം കരസ്ഥമാക്കുന്ന മെഡിക്കൽ കോളേജാണ് കോട്ടയം.

സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ , പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്ന് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് മുൻപോട്ടു വെച്ച ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷ്യറ്റീവ് എന്ന പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ നേട്ടം . ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ . രാജൻ ഖോബ്രഗഡെ , ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ. കെ വി വിശ്വനാഥൻ എന്നിവർ നൽകിയ നേതൃത്വവും നിർണായകമായി.
ഗുണനിലവാര മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് സെൽ നോഡൽ ഓഫീസർ ഡോ. സരിത ജെ. ഷേണായി, കോർഡിനേറ്റർമാരായ നൈസ്മോൾ ജോർജ്ജ്, ശ്രീമതി ചൈത്ര ആർ, ശ്രീമതി രാജലക്ഷമി എസ്, ഇൻഫക്ഷൻ കൺട്രോൾ കോർഡിനേറ്റർമാരായ ബിജോ ലൂക്കോസ്, സീമ എസ്, ട്രീസ ജോർജ്ജ്, ക്ലിനിക്കൽ നഴ്സിംഗ് എഡ്യുക്കേഷൻ യൂണിറ്റ് കോർഡിനേറ്റർമാരായ സ്മിത എസ്,റോസി ജോൺ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ഇതിനുമുമ്പ് തന്നെ ആശുപത്രി പ്രസവ-പ്രസവാനന്തര സേവനങ്ങൾക്കുള്ള ദേശീയ നിലവാര അംഗീകാരവും KUHS A+ Grade അക്രഡിറ്റേഷനും നേടിയിട്ടുണ്ട്. രോഗിസൗഹൃദ സേവനങ്ങൾ, സുരക്ഷാ പ്രോട്ടോകോളുകൾ, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാരനിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് ED- NABH അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം, രോഗികൾക്ക് കൂടുതൽ നിലവാരമുള്ള ചികിത്സയും സുരക്ഷിതമായ ആശുപത്രി പരിസരവും ഉറപ്പാക്കുന്നതിനുള്ള കൃത്യമായ മാർഗരേഖകൾ പാലിക്കുന്നതിന്റെ തെളിവാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

