വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചുെന്നും പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തൻ്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകി. ഭൂരിപക്ഷ വർഗീയതയെ എതിർത്ത് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.

വർഗ്ഗീയതയോട് സമരസപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അത് എതിർക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. 39 അംഗങ്ങൾ ഉള്ള കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ മതേരത്വം പറഞ്ഞ എൽഡിഎഫിനും, കോൺഗ്രസിനും ലഭിച്ചത് തുശ്ചമായ സീറ്റ് മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റും മുസ്ലീം ലീഗിന് 22 സീറ്റ് ലഭിച്ചു. ഇതിൽ പ്രത്യേക മതവിഭാഗത്തിന്റെ പേര് വായിക്കാനല്ല പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയോ ന്യൂനപക്ഷ വർഗീയതയോ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവനയും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മതേതരവാദി ഇന്ത്യയിലുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഏത് പ്രതിസന്ധിയിലും ന്യൂനപക്ഷങ്ങളുടെ കൂടെയാണ് മുഖ്യമന്ത്രി നിന്നിട്ടുള്ളത്. ഇടതു മുന്നണി കാലഘട്ടത്തിൽ വർഗീയത ഉണ്ടായില്ല. വർഗ്ഗീയതയെ നേരിടാൻ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന് മന്ത്രി പറഞ്ഞു.

താൻ മതേതരവാദിയാണെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നയാളാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇവിടുത്തെ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയണം. ജീവിക്കാൻ കഴിയുന്ന അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്ന നടപടി ബിജെപി, ലീഗ്, ജമാ അത്തെ എന്നിവയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഇത് അപകടമാണെന്നാണ് പറഞ്ഞതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

