തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്. ഒരു കാരണവശാലും വി ഡി സതീശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കില്ല എന്നു മാത്രമല്ല, ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുമെന്ന് കെ മുരളീധരന് പറഞ്ഞു.

വി ഡി സതീശന് എന്നല്ല ഏതു കോണ്‍ഗ്രസ് നേതാവിനെയും പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ആരു വിമര്‍ശിച്ചാലും പാര്‍ട്ടി ശക്തമായി നേരിടും. എന്നുമാത്രമല്ല തിരിച്ചു പറയുകയും ചെയ്യും. എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്റെ ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പരാമര്‍ശത്തെയാണ് ഞങ്ങള്‍ വിമര്‍ശിച്ചത്. അതൊരിക്കലും ആ സമുദായത്തോടുള്ള വിമര്‍ശനമല്ലെന്നും കെ മുരളീധരന് പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടും കെ മുരളീധരന് പ്രതികരിച്ചു. അങ്ങനെ പറയേണ്ടെന്ന് ആരോടും പറയാന്‍ കഴിയില്ലല്ലോയെന്ന് മുരളീധരന് അഭിപ്രായപ്പെട്ടു. സിപിഎം പരിപൂര്‍ണമായി സംഘപരിവാല് അജണ്ടയിലേക്ക് മാറി. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അതു തെളിയിക്കുന്നുവെന്നും കെ മുരളീധരന് പറഞ്ഞു.

സാമുദായിക സംഘടനകള്‍ യോജിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തെറ്റും കാണുന്നില്ല. അത് സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും. അതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങളെപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ആരു വിചാരിച്ചാലും സ്വര്‍ണം കട്ടവര്‍ക്ക് ജനങ്ങള്‍ വോട്ടു ചെയ്യില്ല. പിണറായി വിജയന് മൂന്നാമതും അധികാരത്തില്‍ വരില്ല. യുഡിഎഫ് ഏതു വലിയ സാഹചര്യത്തിലായാലും ശക്തമായി പോരാടുകയും അധികാരം നേടുകയും ചെയ്യും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

