വൈക്കത്ത് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാവാൻ സാധ്യത. സണ്ണിയോ, യുഡിഎഫ് നേതൃത്വമോ ഈ വാര്‍ത്തയില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് ലഭ്യമാവുന്ന വിവരം.

സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ദളിത് സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്. ദലിത് എഴുത്തുകാരനായ കെ കെ ബാബുരാജ് സാമൂഹ്യമാധ്യമങ്ങളില്‍ സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായത്.
കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ് സണ്ണിയുമായുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം 22ന് അവസാനഘട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വം വൈക്കത്തെ സ്ഥാനാര്‍ഥിയായി സണ്ണിയുടെ പേര് പ്രഖ്യാപിക്കുമെന്ന വിവരമാണ് ലഭ്യമാകുന്നത്. കോട്ടയം ജില്ലാ കമ്മിറ്റി വൈക്കത്ത് ചില കോണ്‍ഗ്രസ് നേതാക്കളുടെ പേര് കെപിസിസിക്ക് നല്‍കിയിരുന്നു.

എന്നാല്‍ ഈ സ്ഥാനാര്‍ഥികള്‍ക്കൊന്നും വൈക്കം സീറ്റ് പിടിച്ചെടുക്കാനുള്ള സ്വീകാര്യതയില്ല. ഈ സന്ദര്‍ഭത്തിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലുണ്ടായിരിക്കുന്നത്. സുനില്‍ കനഗോലു റിപ്പോര്‍ട്ടില്‍ യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത മണ്ഡലമാണ് വൈക്കം.

ഇത്തരം മണ്ഡലങ്ങളില്‍ പൊതുസ്വീകാര്യനായൊരു വ്യക്തിയെ കൊണ്ടുവരുന്നതിനായുള്ള ചര്‍ച്ചകളിലാണ് പ്രതിപക്ഷനേതാവ്. എഐസിസി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ നീക്കം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിന്ധ്യമാണ് സണ്ണി എം കപിക്കാട്. വ്യക്തതയോടെ വിഷയങ്ങളെ സമീപിക്കുന്ന സണ്ണിക്ക് കേരളത്തിലെ പൊതുസമൂഹത്തിനിടയിലും സ്വീകാര്യതയുണ്ടെന്നതും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.
