തൃശൂര്‍: സസ്യജന്തുജാലങ്ങളുടെ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയായി വാഴച്ചാല്‍ വനമേഖ. വാഴച്ചാല്‍ പക്ഷി സര്‍വേയില്‍ 198 ഇനം പക്ഷികളെ കണ്ടെത്തി. 1996-ല്‍ ഈ മേഖലയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പക്ഷി ഇനങ്ങളുടെ എണ്ണം 136 ല്‍ നിന്ന് 198 ആയി വര്‍ധിച്ചു. സസ്യജന്തുജാലങ്ങളുടെ സമൃദ്ധിയില്‍ മൂന്ന് പതിറ്റാണ്ടില്‍ പശ്ചിമഘട്ടത്തില്‍ വാഴച്ചാല്‍ പ്രധാന ഭാഗമായി മാറിയെന്നാണ് സര്‍വേ കണക്കുകള്‍ പറയുന്നത്.

372 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് വാഴച്ചാല്‍ വനമേഖലയ്ക്കുള്ളത്. കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ വേഴാമ്പലുകളുടെ പ്രധാന ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. ഗ്രേറ്റ് വേഴാമ്പല്‍, മലബാര്‍ പൈഡ് വേഴാമ്പല്‍, മലബാര്‍ ഗ്രേ വേഴാമ്പല്‍ എന്നീ മൂന്ന് പ്രധാന പ്രാദേശിക വേഴാമ്പല്‍ ഇനങ്ങളും ഇവിടെയുണ്ട്.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 15 ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് വാഴച്ചാല്‍. ‘2019-ലാണ് വാഴച്ചാലില്‍ ആദ്യമായി വിപുലമായ പക്ഷി സര്‍വേ നടത്തിയത്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും വലിയ മൃഗങ്ങള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പക്ഷി ഇനങ്ങളുടെ എണ്ണവും മറ്റ് ഘടകങ്ങളും പരിശോധിച്ചാല്‍ വാഴച്ചാല്‍ വനങ്ങള്‍ മികച്ച ആവാസവ്യവസ്ഥയായി തുടരുകയാണ്.

വന മേഖലയുടെ 40 ട്രാന്‍സെക്റ്റുകളില്‍ 23 എണ്ണത്തിലും വേഴാമ്പലുകളെ കണ്ടെത്തി. മേഖലയിലെ ഗോത്രവര്‍ഗക്കാരുടെ പിന്തുണയോടെ 63 വേഴാമ്പല്‍ കൂടുകളും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) സുരേഷ് ബാബു പറഞ്ഞു.പ്രാഥമിക നിത്യഹരിത, അര്‍ദ്ധ നിത്യഹരിത, ഈര്‍പ്പമുള്ള ഇലപൊഴിയും വനങ്ങളും നദീതീര ഇടനാഴികളും തോട്ടങ്ങളും ഉള്‍പ്പെടെയുള്ള മേഖലയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

