കെപിസിസി ജംബോ പുനഃസംഘടനയിൽ കോൺഗ്രസിലാകെ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെ പരസ്യമായ പരാമർശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുനഃസംഘടനയിൽ ചാണ്ടി ഉമ്മനേയും അബിൻ വർക്കിയെയും തഴഞ്ഞതിൽ പ്രതിഷേധിച്ച ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കെതിരെയാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്.

“സഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ പുനഃസംഘടന നടത്തുന്നത്. എല്ലാവരെയും നൂറ്ശതമാനം തൃപ്തരാക്കാനാകില്ല. ഈ വിഷയത്തിൽ സഭ ഇടപെടേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
കെപിസിസി പുനസംഘടനയിലെ അതൃപ്തി പരിഹരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എ – ഐ ഗ്രൂപ്പുകളും കെ മുരളീധരൻ, ശശി തരൂർ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്.

നേതാക്കളെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനുള്ള നീക്കങ്ങൾക്കിടയിലാണ് ഓർത്തഡോക്സ് സഭ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

