കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവത്തിൽ നിലവിൽ അരൂർ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെതിരെ നടപടിയുമായി സർക്കാർ. പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്.
2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്.

അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അടിയന്തര നടപടിയെടുത്തത്.

