തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിലെ ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയാണ് ഇരുവര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ തിരിച്ചറിയല്‍ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില്‍ ആണ് നടപടി.

സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും, ഇവരുടെ വിവാഹത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പങ്കുവച്ച ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യ്തിട്ടുണ്ടെന്നുമായിരുന്നു സന്ദീപ് വാര്യര്‍ കോടതിയെ അറിയിച്ചത്.
പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തില്‍ യാതൊരു നീക്കവും താന്‍ നടത്തിയിട്ടില്ലെന്ന് പത്തനംതിട്ടയിലെ മഹിള കോണ്‍ഗ്രസ് നേതാവായ രഞ്ജിത പുളിക്കലും കോടതിയെ അറിയിച്ചു. താന്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ പരാതിക്കാരിയെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. സ്ത്രീ കൂടിയായ താന്‍ പരാതിക്കാരിയെ ഒരു തരത്തിലും അപമാനിക്കില്ലെന്നുമുള്ള നിലപാട് ആയിരുന്നു രഞ്ജിത പുളിക്കല്‍ സ്വീകരിച്ചത്.

അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ്, രാഹുല്‍ ഈശ്വര്‍, പാലക്കാട് സ്വദേശിയായ വ്ളോഗര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

