ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം മറന്നുവച്ചെന്ന സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് യൂണിറ്റ് ചീഫായിരുന്ന ഡോക്ടർ ലളിതാംബിക. എന്നാൽ അഞ്ച് വർഷമായി തൻ്റെ അമ്മ കൊടിയ വേദനയിലായിരുന്നെന്നും സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രോഗിയായ ഉഷാ ജോസഫിൻ്റെ മകൻ പ്രതികരിച്ചു. കൊവിഡ് കാലത്തെ ജോലിത്തിരക്കുകൾക്കിടയിൽ ഈ ശസ്ത്രക്രിയ താനാണോ ചെയ്തതെന്ന് ഓർക്കുന്നില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം.

സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയത് താനാണെന്ന ആരോപണം നൂറു ശതമാനം ഉറപ്പോടെ നിഷേധിക്കുകയാണെന്ന് ഡോക്ടർ ലളിതാംബിക വ്യക്തമാക്കി. അക്കാലത്ത് യൂണിറ്റ് ചീഫ് ആയിരുന്നതിനാൽ സ്വാഭാവികമായും രോഗികൾ തൻ്റെ പേര് പറയുന്നതാകാമെന്നാണ് ഇവർ വിശദീകരിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളിലും റിപ്പോർട്ടുകൾ തയാറാക്കുന്നതിലും വ്യാപൃതയായിരുന്ന സമയമായിരുന്നു അത്. വിരമിക്കുന്നതിന് തൊട്ടുമുൻപുള്ള കാലമായതിനാൽ വലിയ ശസ്ത്രക്രിയകളൊന്നും അന്ന് ഏറ്റെടുത്തിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ജീവനക്കാർ ഇല്ലാത്ത സമയങ്ങളിൽ ചില കേസുകൾ ചെയ്തിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
രജിസ്റ്റർ പരിശോധിച്ചാൽ കൃത്യമായി ആരാണ് ശസ്ത്രക്രിയ ചെയ്തതെന്ന് കണ്ടെത്താൻ സാധിക്കും. ശസ്ത്രക്രിയ രജിസ്റ്ററിൽ ശസ്ത്രക്രിയ ചെയ്ത ആളുടെ പേരും കേസ് ഷീറ്റിൽ യൂണിറ്റ് ചീഫിൻ്റെ പേരുമാണ് ഉണ്ടാകുക. അണ്ഡാശയത്തിൽ കാൻസർ ആണെന്ന് സംശയിച്ചിരുന്ന മൂന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്യാനാണ് അന്ന് രോഗി എത്തിയത്. പത്താം തീയതി അഡ്മിറ്റ് ചെയ്ത് പന്ത്രണ്ടിന് ശസ്ത്രക്രിയ നടത്തി പതിനഞ്ചിന് ഡിസ്ചാർജ് ചെയ്തതായാണ് അറിയാൻ കഴിഞ്ഞതെന്നും ഡോക്ടർ പറയുന്നു. രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് അന്ന് കഷ്ടപ്പെട്ട് ശസ്ത്രക്രിയ ചെയ്തത്. പരിശോധനയിൽ ഇത് കാൻസർ അല്ലെന്നും ഫൈബ്രോയിഡ് ആണെന്നും തെളിയുകയായിരുന്നു.

രോഗിക്ക് ഇതിനു മുൻപും ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം പഴയ ശസ്ത്രക്രിയയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു. ഇരുപത് വർഷം മുൻപ് വച്ചതാണോ അതോ ഈ അടുത്ത കാലത്ത് വച്ചതാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും. എന്നാൽ വണ്ടാനത്തെ ശസ്ത്രക്രിയയ്ക്കിടെ പഴയ പാടുകളോ മറ്റോ ഉള്ളിൽ കണ്ടിരുന്നില്ലെന്നാണ് വിവരം. വയറ്റിൽ ഉപകരണം കുടുങ്ങി അഞ്ചല്ല, അമ്പതു വർഷം ജീവിച്ചാലും ഒന്നും സംഭവിക്കില്ലെന്നാണ് ഡോക്ടറുടെ വാദം. രോഗിക്ക് നിലവിൽ അനുഭവപ്പെട്ട വേദന ഉപകരണം വയറ്റിലിരുന്നത് കൊണ്ടല്ലെന്നും അത് മൂത്രക്കല്ലിൻ്റെ വേദനയാണെന്നും ഡോക്ടർ അവകാശപ്പെടുന്നു. ഇപ്പോൾ രോഗിക്കുണ്ടായ ലക്ഷണങ്ങൾ കാരണം അൾട്രാസൗണ്ട് സ്കാനിങ് നടത്തിയപ്പോഴാണ് ഉപകരണം കണ്ടെത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളിൽ ഉപകരണങ്ങൾ അവശേഷിക്കാൻ പാടില്ല എന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഡോക്ടർ സമ്മതിച്ചു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിലാണ് വ്യക്തത വേണ്ടത്. ഇതിൻ്റെ വീഴ്ച ഒരാളുടെ മാത്രം തലയിൽ കെട്ടിവയ്ക്കുന്ന സംവിധാനത്തെ ഡോക്ടർ വിമർശിച്ചു. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഉപകരണങ്ങളും തുണികളും എണ്ണി തിട്ടപ്പെടുത്തുന്നതിൽ വരുന്ന പിഴവാകാം ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികളിൽ ഒരു ഫ്ലോർ നഴ്സ് ഓരോ ഉപകരണത്തിൻ്റെയും എണ്ണം ബോർഡിൽ രേഖപ്പെടുത്തുന്ന കൃത്യമായ സംവിധാനമുണ്ട്. എന്നാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇത്തരമൊരു സംവിധാനം നിലവിലില്ല. നഴ്സുമാർ പറയുന്ന കണക്കുകളെ വിശ്വസിച്ചാണ് പരിശോധന മുന്നോട്ട് പോകുന്നത്.
താൻ ഇന്നുവരെ ഒരു രോഗിയിൽ നിന്നും ശസ്ത്രക്രിയയ്ക്കായി പണം വാങ്ങിയിട്ടില്ലെന്നും ആലപ്പുഴയിലുള്ള എല്ലാവർക്കും ഇക്കാര്യം അറിയാമെന്നും ഡോക്ടർ ലളിതാംബിക പ്രതികരിച്ചു. മെഡിക്കൽ കോളജിലെ ജോലിക്ക് പുറമെ വീട്ടിൽ വന്ന് കാണുന്നവരിൽ നിന്നും അമിതമായി പണം ഈടാക്കാറില്ല. രാഷ്ട്രീയക്കാരുടെ ശിപാർശയിലും മറ്റും വരുന്ന നിരവധി സാധാരണക്കാരെ ചികിത്സിക്കാറുണ്ട്. സർക്കാർ ശമ്പളത്തിൽ മാത്രം ജോലി ചെയ്ത തനിക്ക് മറ്റ് സമ്പാദ്യങ്ങൾ ലക്ഷ്യമില്ലായിരുന്നുവെന്നും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
