ആലപ്പുഴ∙ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു. വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് (വിഎഫ്എഇഎസ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയിൽ ആദ്യമായി ജീവനുള്ള ആനകൾക്ക് പകരം അത്യാധുനികമായ ഈ ബദൽ സംവിധാനം ഏർപ്പെടുത്തിയത്. പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. ‘നീലംകുളങ്ങര വിഷ്ണുദാസൻ’, ‘ഓംകാരേശ്വരം രാമസേനാപതി’ എന്നീ റോബോട്ടിക് ആനകളെ പൂർണമായ ആചാരങ്ങളോടെ ക്ഷേത്രസമിതികൾ ഏറ്റുവാങ്ങി.

ചാലക്കുടിയിലെ ഫോർ ഹീ- ആർട്സ് ക്രിയേഷൻസ് ആർട്ടിസ്റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തിൽ ഫൈബറും റബറും ഉപയോഗിച്ചാണ് ആനകളെ നിർമിച്ചിരിക്കുന്നത്. 10 അടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ റോബോട്ടിക് ആനകളുടെ കണ്ണുകൾ, ചെവികൾ, തുമ്പിക്കൈ, വാൽ എന്നിവ ചലിക്കുന്നവയാണ്. എഴുന്നള്ളത്ത് സമയത്ത് നാല് പേർക്ക് വരെ ഇവയുടെ പുറത്ത് കയറാൻ സാധിക്കും. പാരമ്പര്യവും ആചാരപ്പൊലിമയും ഒട്ടും ചോർന്നുപോകാതെ തന്നെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
2025 മാർച്ച് ഒന്നിനും 2026 ജനുവരി രണ്ടിനും ഇടയിലുള്ള വെറും പത്ത് മാസത്തിനിടെ കേരളത്തിൽ 20 ആനകളാണ് ചരിഞ്ഞതെന്ന് വിഎഫ്എഇഎസ് ചൂണ്ടിക്കാണിച്ചു. ‘ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ അവ മറ്റൊരു ജീവിയുടെ കണ്ണുനീരിൽ കെട്ടിപ്പടുക്കേണ്ടവയല്ല. ഉത്സവപ്പറമ്പുകളിലെ അമിതമായ ശബ്ദകോലാഹലങ്ങളും ചുട്ടുപൊള്ളുന്ന വെയിലും ആനകളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും അവ അക്രമാസക്തരാകാനും ഭയാനകമായ ദുരന്തങ്ങൾ സംഭവിക്കാനും കാരണമാകുന്നു.

കാടുകളിൽ സ്വതന്ത്രമായി കഴിയേണ്ട ആനകളെ നാട്ടിലെ സാഹചര്യങ്ങളിലേക്ക് മാറ്റുന്നത് അവയുടെ അകാല മരണത്തിനും കാരണമാകുന്നു. അടുത്തകാലത്തതായി ഉത്സവങ്ങൾക്ക് വരുന്ന ആനകളുമായി ബന്ധപ്പെട്ട അപകടങ്ങളും പാപ്പാന്മാരുടെ ദാരുണ അന്ത്യവുമെല്ലാം നിലവിലെ രീതികൾ മാറേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്’, എന്ന് വിഎഫ്എഇഎസ് സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ സംഗീത അയ്യർ പറഞ്ഞു.

‘ആനകളും വെടിക്കെട്ടും പണ്ടു മുതലെ നമ്മുടെ ക്ഷേത്രോത്സവങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന ഭാഗങ്ങളാണ്. പക്ഷേ, സുരക്ഷയ്ക്കും ധാർമികതയ്ക്കും മുൻഗണന നൽകിക്കൊണ്ട്, രണ്ടും ഒഴിവാക്കാൻ ഞങ്ങൾ തീരുമാനമെടുത്തു. ആചാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ജീവജാലങ്ങളോട് കാരുണ്യം കാണിക്കാൻ ഈ നൂതന സംരംഭം സഹായിക്കും’, നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി.ആർ.പുരുഷൻ പറഞ്ഞു. ജീവനുള്ള ആനകളെ ഉപയോഗിക്കുന്നതിന്റെ ധാർമിക, സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ക്ഷേത്രങ്ങളിൽ അവബോധം വളര്ന്നുവരികയാണെന്ന് ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എൻ.ആർ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
