തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം ഡിജിറ്റലായി നൽകാനുള്ള പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. 18 വയസ് പൂർത്തിയായ എല്ലാവർക്കും ഡിജി ലോക്കർ സംവിധാനവും പ്രത്യേക ഐ.ഡിയും നൽകി അതിലൂടെ രേഖകൾ നൽകാനാണ് സർക്കാർ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞാലുടൻ സേവനം ലഭ്യമാക്കാനാണ് തദ്ദേശ വകുപ്പ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് തദ്ദേശ വകുപ്പ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്.

നടപടിക്രമങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കർ സംവിധാനത്തിലൂടെ സുരക്ഷിതമായി രേഖകൾ ലഭ്യമാക്കുന്നതിന് ഡീഡ് (ഡിജിറ്റലൈസേഷൻ ഓഫ് എവരി എസെൻഷ്യൽ ഡോക്യുമെൻ്റ്) പദ്ധതിക്കാണ് തദ്ദേശ വകുപ്പ് തുടക്കമിടുന്നത്. ഡിജി കേരളം 2.0 എന്ന പേരിലാണ് ഇതിൻ്റെ നടപടികൾ തുടങ്ങിയിട്ടുള്ളത്. 18 വയസ് പൂർത്തിയായ എല്ലാവർക്കും കെ. സ്മാർട്ട് ഐ.ഡി. നൽകും.
ഈ ഐ.ഡി. ഉപയോഗിച്ച് രേഖകൾ ഡിജിറ്റലായി സ്വീകരിക്കാനാകും. ഡിജി കേരളം 2.0 പദ്ധതിയിൽ സൈബർ സുരക്ഷ ഉറപ്പാക്കാൻ സേഫ് ടെക് പദ്ധതി നടപ്പാക്കും. പദ്ധതി വിജയത്തിലെത്തിക്കാനും എളുപ്പമുള്ളതാക്കാനും നിർമിത ബുദ്ധിയിൽ (എ.ഐ.) സമ്പൂർണ സാക്ഷരത ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കും.

ഡീഡ് പദ്ധതിയിലൂടെ സർക്കാർ സേവനങ്ങൾ പൂർണമായും പേപ്പർരഹിതമാക്കുകയും പ്രമാണ പരിശോധന അടക്കമുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഡിജി ലോക്കറിൽ നേരിട്ട് ലഭ്യമാകാത്ത സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഡിജി ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യാനും ആധികാരിക രേഖ ആവശ്യമുള്ളപ്പോൾ അവ എങ്ങനെ ഡിജിറ്റലായി ഉപയോഗിക്കാമെന്നും ജനങ്ങൾക്ക് പരിശീലനം നൽകും. ഒരു വർഷത്തിനുള്ളിൽ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. രേഖകളുടെ സുഗമമായ ഡിജിറ്റലൈസേഷനും സംഭരണവും ഉറപ്പാക്കാൻ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കും. രേഖകൾ ഡിജിറ്റലാകുന്നതോടെ ഓൺലൈൻ തട്ടിപ്പുകളെ ഫലപ്രദമായി ചെറുക്കാനാകുമെന്നാണ് തദ്ദേശ വകുപ്പിൻ്റെ പ്രതീക്ഷ.

