തിരുവനന്തപുരം:’കേരള ബ്രാൻഡ്’ പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ആഗോള വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ ഈ സർവേയിൽ 1124 നിർമ്മാണ യൂണിറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. നേരത്തെ, പദ്ധതിയുടെ പ്രാരംഭത്തിൽ വെളിച്ചെണ്ണയെ ‘കേരള ബ്രാൻഡ്’ ലേബലിൽ ഉൾപ്പെടുത്തിയിരുന്നു.
കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കന്നുകാലിത്തീറ്റ എന്നീ പത്ത് ഉത്പന്നങ്ങളാണ് ലേബലിനായി പരിഗണിച്ചത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം, ഉത്പാദന രീതികൾ, ധാർമികവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾ, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പഠനമാണ് സർവേയിലൂടെ നടത്തിയത്.
സർവേയിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഈ ഉത്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ രൂപപ്പെടുത്തും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമ്മാതാക്കൾക്ക് ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിക്കും. ഇത് ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വലിയ സ്വീകാര്യത നേടാൻ സഹായിക്കും.
കേരളത്തിന്റെ വ്യവസായ നയത്തിൽ ഇത് ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ‘നമ്മുടെ ഉത്പന്നങ്ങൾക്ക് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ഒരു ആഗോള മുദ്ര നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നമ്മുടെ നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകും’- അദ്ദേഹം കൂട്ടിച്ചേർത്തു.
