തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന് പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നല്‍കിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. പരാതി നല്‍കിയതിലെ കാലതാമസവും ചോദ്യം ചെയ്തു.

സംഭവം നടന്ന് 21 ദിവസം കഴിഞ്ഞാണു പരാതി നല്‍കിയത്. വിദ്യാസമ്പന്നയായ വ്യക്തി ഇത്തരമൊരു ഗൗരവമേറിയ വിഷയം എന്തുകൊണ്ടാണ് പൊലീസിനെ അറിയിക്കുന്നതിനു പകരം നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും പ്രതിഭാഗം വാദിച്ചു.
ഈ വാദങ്ങളെ എതിര്‍ത്ത പ്രോസിക്യൂഷന്, സംവിധായകന് ചെയ്തത് അതീവഗൗരവമുള്ള കുറ്റമാണെന്നു ചൂണ്ടിക്കാട്ടി.

സംഭവത്തിനു ശേഷം പരാതിക്കാരിക്കു ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണു നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇത്തരം കാരണങ്ങളാലാണ് 21 ദിവസം വൈകിയത്. ഇതില്‍ രാഷ്ട്രീയം കാണാന്‍ കഴിയില്ലെന്നുമാണ് പ്രോസക്യൂഷന് വാദം.

