കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് നടക്കും. വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ഡിസംബർ 3-ന് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച തുറമുഖത്ത് ഇതിനോടകം തന്നെ ലോകത്തിലെ കൂറ്റൻ മദർഷിപ്പുകൾ വന്നെത്തിയത് വലിയ സവിശേഷതയാണ്. നിശ്ചയിച്ച ടാർഗറ്റിനപ്പുറത്തേക്ക് വളരാൻ വിഴിഞ്ഞത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമായ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത് എന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
പ്രകൃതിദത്തമായ ആഴവും ഭൂപ്രകൃതിയും ഒത്തിണങ്ങിയ വിഴിഞ്ഞം തുറമുഖം ലോകത്തിലെ തന്നെ മികച്ച തുറമുഖങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ആദ്യ കരാർ പ്രകാരം 2045-ൽ എത്തേണ്ടിയിരുന്ന പദ്ധതിയുടെ പൂർണ്ണത, പുതുക്കിയ കരാർ അനുസരിച്ച് 2028-ഓടെ കൈവരിക്കാൻ സാധിക്കും. ഏകദേശം 10,000 കോടി രൂപയോളം ചെലവ് വരുന്ന ഈ ബൃഹദ് പദ്ധതി കരാർ പ്രകാരം സമയബന്ധിതമായി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട്.

നിലവിൽ കണ്ടെയ്നറുകളുടെ കരമാർഗമുള്ള നീക്കത്തിനായി അപ്പ്രോച്ച് റോഡുകളുടെ നിർമ്മാണം താൽക്കാലികമായി പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന വിഴിഞ്ഞം പദ്ധതി 2028-ഓടെ അതിന്റെ പൂർണ്ണ രൂപത്തിലേക്ക് മാറും എന്നും മന്ത്രി വ്യക്തമാക്കി.

