തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം.

പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നും തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഘടകകക്ഷികളുമായി വച്ചുമാറുന്നതാണ് ആലോചിക്കുന്നതെന്നും ലീഗിലെ പ്രമുഖ നേതാവ് പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതും നഷ്ടപ്പെട്ടതുമായ സീറ്റുകളുടെ വിജയസാധ്യത വിലയിരുത്താന്‍ കോണ്‍ഗ്രസും ലീഗും പരസ്പരം ധാരണയായി. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും സീറ്റുകള്‍ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

