തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി അധ്യക്ഷ പദവി പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് കൈമാറാന്‍ കോണ്‍ഗ്രസില്‍ നീക്കം. ഒരിക്കല്‍ കൈയെത്തും ദൂരത്ത് നിന്ന് പോയ അധ്യക്ഷ പദവി വീണ്ടും തേടിവരുമ്പോള്‍ ഇത്തവണ സാഹചര്യങ്ങള്‍ എല്ലാം ആന്റോയ്ക്ക് അനുകൂലമാണ്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് പകരം ചുമതല കൈമാറിയേക്കുമെന്നായിരുന്നു സൂചന. എ പി അനില്‍കുമാറും പി സി വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലും വീണ്ടും ജനവിധി തേടുന്ന പശ്ചാത്തലത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ ഷാഫിക്ക് താല്‍ക്കാലിക ചുമതല കൈമാറാനായിരുന്നു ആദ്യ ഘട്ട ചര്‍ച്ചകള്‍.
എന്നാല്‍ ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കത്തില്‍ ദേശീയ നേതൃത്വം പുനരാലോചന നടത്തുകയായിരുന്നു. ഷാഫിയെ വടക്കന്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് മധ്യകേരളത്തില്‍ നിന്നുള്ള ക്രൈസ്തവ മുഖമായ ആന്റോയെ പാര്‍ട്ടിയുടെ നിര്‍ണായക പദവിയിലേക്ക് എത്തിക്കാനുള്ള നീക്കം തുടങ്ങിയത്.

സിറോമലബാര്‍, മാര്‍ത്തോമ സഭ, മറ്റ് ക്രൈസ്തവ സഭകളുമായുള്ള ആന്റോ ആന്റണിയുടെ ബന്ധം മധ്യകേരളത്തില്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷ പദവിയിലൂടെ ആന്റോ ആന്റണിക്ക് സാധിച്ചേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
