തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമവും റീത്ത് സമർപ്പണവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അറിവോടെയാണെന്ന് മന്ത്രിമാരായ വീണാ ജോർജും വി ശിവൻകുട്ടിയും മുൻ മന്ത്രി പികെ ശ്രീമതിയും ആരോപിച്ചു.

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സ പിഴവ് ആരോപിച്ച് നടത്തിയ സമരം ജനാധിപത്യവിരുദ്ധമാണെന്നും കേരളത്തിൻ്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ തമസ്കരിക്കാനുള്ള ഗൂഢശ്രമമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ എൽഡിഎഫ് സർക്കാർ വഴങ്ങില്ലെന്നും അവർ വ്യക്തമാക്കി.

ഇന്ന് രാവിലെ 7നും 7.30നും ഇടയിലാണ് ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി വാതിൽ തുറന്ന് റീത്ത് വച്ച് പ്രതിഷേധിച്ചത്. അക്രമാസക്തരായ ഇവർ വസതിയിലെ സാധനങ്ങൾ തകർക്കുകയും ചെയ്തു. പ്രവർത്തകർ എത്തി പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വലിയ സംഘർഷമുണ്ടാവുകയും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കല്ലേറും കൈയാങ്കളിയും നടക്കുകയും ചെയ്തു.

