കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ തന്നോട് പക വീട്ടുകയായിരുന്നെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ശക്തമാകുന്നു. തന്ത്രിയെ അനുകൂലിച്ച് പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ, പ്രസ്താവനയെ പൂർണമായി തള്ളി സർക്കാർ രംഗത്തെത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നത്. തന്ത്രിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ്, അറസ്റ്റിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവർത്തിച്ചു. തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനെന്ന് അന്വേഷണസംഘം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തെളിവിന്റെ ഒരു അംശം പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലിൽ ഇട്ടതിന് പിന്നിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾ ശക്തമായപ്പോൾ അതിൽനിന്ന് വഴിതിരിച്ചു വിടാൻ വേണ്ടി ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്ന് ആരോപണമുണ്ട്. കോടതി പറഞ്ഞത് തെളിവുകളില്ലെന്നാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം ഡിവിഷൻ ബെഞ്ച് അന്വേഷിക്കണം എന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, സർക്കാരിനെതിരായ തന്ത്രിയുടെ വിമർശനം തള്ളി മന്ത്രി എം ബി രാജേഷാണ് ആദ്യം രംഗത്തെത്തിയത്. തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോൾ വ്യക്തമായി. ഇപ്പോൾ നടക്കുന്ന ഗൂഢാലോചന പിന്നീട് വ്യക്തമാകുമെന്നും മന്ത്രി പ്രതികരിച്ചു.

ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിലുള്ള വൈരാഗ്യം തീർക്കാൻ സർക്കാർ തന്നെ കുടുക്കിയതാണെന്ന തന്ത്രിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്ന് നിയമമന്ത്രി പി രാജീവും പ്രതികരിച്ചു. പോലീസ് സ്വതന്ത്രമായാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് ആരെയും വേട്ടയാടുന്ന നയം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് നടന്ന സമയത്ത് മൗനം പാലിച്ച പ്രതിപക്ഷം, ഇപ്പോൾ തന്ത്രിയുടെ വാദങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഏറ്റുപിടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
