മൂന്നാർ: കൈയേറ്റം ഒഴിപ്പിച്ച സ്പെഷ്യൽ തഹസിൽദാരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എ.രാജ എംഎൽഎ. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെയാണ് ഫോണിൽ വിളിച്ച് രാജ ഭീഷണിപ്പെടുത്തിയത്.

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഭീഷണി. സ്പെഷ്യൽ തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാർ ടൗണിൽ കൈയ്യേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇവർ പരാതിയുമായി എംഎൽഎയെ സമീപിച്ചു.
ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങി കൈയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമോയെന്നും എംഎൽ എ ചോദിച്ചു. വിവരം നൽകിയാൽ റിപ്പോർട്ട് ചെയ്യാമെന്ന് തഹസീൽദാർ മറുപടിയും പറഞ്ഞു.

ഇതിനിടെയാണ് ജീവനക്കാർക്കെതിരെ എംഎൽഎയുടെ ഭീഷണി. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഗായത്രി പറഞ്ഞു. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെങ്കിൽ അതിനെതിരെ വിജിലൻസിനോ പോലീസിനോ പരാതി നൽകണം. വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിമർശനം ഉയർന്നു.

