തിരുവനന്തപുരം തിരുമലയിലെ വാർഡ് കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ അറിയുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

സിപിഐഎമ്മിന്റെ ഒരു തന്ത്രമാണിതെന്നും ഗുരുതരമായ വിഷയമായി ഇതിനെ കാണുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം കൗൺസിലിന്റെ യോഗത്തിൽ വെച്ചാണ് അനിലും താനും തമ്മിൽ സംസാരിച്ചതെന്ന് അദേഹം വ്യക്തമാക്കി. സൊസൈറ്റിയുടേത് ബിജെപി ഭരണസമിതിയല്ല. ബിജെപി അനിലിനെ സംരക്ഷിച്ചില്ലെന്നത് ആര് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
പൊലീസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് തങ്ങളുടെ കൈയിലുണ്ട്. അത് തങ്ങൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിങ്ങൾ മാധ്യമപ്രവർത്തകർ അല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

തിരുമലയിലെ നഗരസഭ കോർപ്പറേഷനിലെ ഓഫീസിലെത്തിയാണ് അനിൽ ജീവനൊടുക്കിയത്. ചില സാമ്പത്തിക പ്രശ്നങ്ങൾ സൊസൈറ്റിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.

