എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പിന്നിൽ വൻ ശക്തികളുണ്ടെന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉണ്ണിക്കൃഷ്ണൻ പോറ്റി വലിയൊരു സംഘത്തിന്റെ അവസാന കണ്ണി മാത്രമാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ അതിവേഗവും കൃത്യതയോടെയും മുന്നോട്ട് പോകണമെന്ന നിർദേശവും ഹൈക്കോടതി നൽകി.

ഇന്ന് അടച്ചിട്ട കോടതി മുറിയിലാണ് പ്രത്യേക സംഘം ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. രഹസ്യസ്വഭാവം നിലനിർത്തുന്നതിനായി സ്വമേധയാ പുതിയ ഹർജി ഫയലിൽ സ്വീകരിക്കാനും ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ ഹർജിയിൽ കക്ഷികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ‘സ്മാർട്ട് ക്രിയേഷൻസ്’ കമ്പനിയും ഒഴിവാക്കും. പകരം സർക്കാർ, ദേവസ്വം ബോർഡ്, പൊലീസ് എന്നിവരെ ഉൾപ്പെടുത്തി പുതിയ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിക്കുമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സ്വർണക്കവർച്ച നടന്ന കാലഘട്ടത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്, ദേവസ്വം കമ്മീഷണർ എന്നിവർ സ്വീകരിച്ച നടപടികൾ സംശയാസ്പദമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് പ്രസിഡൻറ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അനുകൂലമായി നിലപാട് എടുത്തത് നിസാരമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വം മാന്വൽ ലംഘിച്ചതിൽ ഗുരുതരമായ സംശയമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

രണ്ട് വർഷത്തെ കത്തിടപാടുകളും ഗൂഢാലോചനകളും പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. 500 ഗ്രാം സ്വർണം എവിടെ പോയെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമെന്ന സൂചനയും ഹൈക്കോടതി നൽകി.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഉദ്ദേശ്യം ശരിയായതല്ലെന്നും ഹൈക്കോടതി ആവർത്തിച്ചു. എല്ലാ രേഖകളും പരിശോധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്ന് എസ്ഐടിയോട് കോടതി നിർദേശിച്ചു.ഇത് കേരള പൊലീസിന്റെ വിശ്വാസ്യതയെ മാത്രമല്ല, ഹൈക്കോടതിയുടെ വിശ്വാസ്യതയെയും ബാധിക്കുന്ന വിഷയമാണെന്ന് ദേവസ്വം ബെഞ്ച് ഓർമ്മിപ്പിച്ചു. അടുത്ത മാസം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
