തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇടപെടലെന്നും എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്‍സറാകാന്‍ സന്നദ്ധനായി വന്നിട്ടുണ്ടെന്നും, കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍, ബോര്‍ഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്നും 2019 ഫെബ്രുവരി ആദ്യം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു. എന്നാല്‍ അത്തരത്തില്‍ ബോര്‍ഡിനു മാത്രമായി തീരുമാനമെടുത്ത് കട്ടിളപ്പാളി കൊടുത്തുവിടാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായി.
ഇതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനായി അഡ്മിനിസ്ട്രേഷന് ഓഫീസര്‍ വഴിയുള്ള കത്തിടപാടുകള്‍ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള കത്തിലാണ് മുരാരി ബാബു സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പ് എന്നു രേഖപ്പെടുത്തിയത്. ബോര്‍ഡ് യോഗം തന്റെ നിര്‍ദേശം അംഗീകരിക്കാതിരുന്നതിനാലാണ് പത്മകുമാര്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വഴി കത്തിടപാടുകളിലൂടെ വിഷയം വീണ്ടും ബോര്‍ഡിന് മുന്നിലേക്ക് കൊണ്ടു വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് പത്മകുമാറിന് കുരുക്കായത് എന്നാണ് റിപ്പോർട്ടുകൾ. ബോര്‍ഡ് അറിയാതെ പത്മകുമാര്‍ മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ദേവസ്വം ആസ്ഥാനത്തു നടത്തിയ റെയ്ഡിലാണ് തിരുത്തൽ വരുത്തിയ നിര്‍ണായക ഫയല്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്. ഇക്കാര്യം എസ്ഐടി കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് അനുകൂലമായി നിലപാടു സ്വീകരിക്കാന്‍ പത്മകുമാര്‍ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ദേവസ്വം മുന്‍ കമ്മീഷണറായിരുന്ന വാസുവും മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനെയും ചോദ്യം ചെയ്തപ്പോള്‍, ഉണ്ണികൃഷ്ണന് പോറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുമായി എങ്ങനെ പങ്കുചേര്‍ന്നു എന്നതു സംബന്ധിച്ച് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ മറുപടി നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്. പത്മകുമാറിനെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം.
