തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘ പ്രോജക്ട് അനന്ത ‘യുടെ ആദ്യഘട്ടം ആരംഭിച്ചു. ഏകദേശം 600 കോടി രൂപ ചെലവഴിക്കുന്ന ഈ ഘട്ടത്തിൽ എയർസൈഡ് ഭാഗത്താണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2026 അവസാനത്തോടെ ഈ ഘട്ടം പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യം. എയർസൈഡ് ഭാഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ‘പ്രോജക്ട് അനന്ത’യുടെ ആദ്യഘട്ടം ലക്ഷ്യമിടുന്നത്. ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകും. വിമാനത്താവളത്തിൻ്റെ വാർഷിക യാത്രക്കാരുടെ എണ്ണം നിലവിലെ 3.2 ദശലക്ഷത്തിൽ നിന്ന് 12 ദശലക്ഷമായി ഉയർത്തുകയാണ് 1,300 കോടി രൂപയുടെ ഈ വികസന പദ്ധതിയുടെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് വിമാനത്താവളത്തിൻ്റെ പരിസരത്ത് 136.31 കോടി രൂപയുടെ വാണിജ്യ – ഹോസ്പിറ്റാലിറ്റി ഹബ്ബിനും അനുമതി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ നിർമാണം ആരംഭിച്ച ഈ ഘട്ടത്തിൽ ഡ്രെയിനേജ്, കേബിൾ ലൈനുകൾ സ്ഥാപിക്കൽ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തെ നവീകരിക്കൽ, പുതിയ പവർ സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ്, ഫയർ ആൻഡ് റെസ്ക്യൂ സംവിധാനം എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഐടിഡി സിമന്റേഷൻ ഇന്ത്യയുടെ കീഴിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് ജോലികൾ പൂർത്തിക്കുന്നത്.

ടെർമിനൽ 1-ലെ (ഇൻ്റർനാഷണൽ ടെർമിനൽ) കാനോപ്പി സ്ഥാപിക്കൽ പൂർത്തിയായി. വിപുലീകരിച്ച പാർക്കിങ് സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. ടെർമിനൽ 1-ലെ രണ്ടാം ഘട്ട വികസനത്തിനായുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കും. കനത്ത മഴയെ അതിജീവിക്കാൻ ശേഷിയുള്ള ഡ്രെയിനേജ് സംവിധാനം ആദ്യഘട്ടത്തിലെ പ്രധാന നവീകരണങ്ങളിലൊന്നാണ്.

