കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചു. ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ ചൊവ്വാഴ്ച നടത്തിയ വ്യാപക പരിശോധനയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണ ഏജന്‍സി പുറത്തുവിട്ടത്.

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 73 ഓളം ഇടങ്ങളിലായിരുന്നു ചൊവ്വാഴ്ച ഇഡി പരിശോധന നടത്തിയത്.
ശബരിമലയിലെ സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വര്‍ണ്ണ കട്ടികളാണ് കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും സ്വര്‍ണ്ണം ചെമ്പാക്കിയ രേഖയും, നിരവധി ഡിജിറ്റല്‍ തെളിവുകളും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിക്കുന്നു.

2019 നും 2024 നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

